‘നല്ലവനായ റൗഡി, വല്ലാത്തൊരു ഇമേജാണ് മോഹന്‍ലാലിന്റേത്’ ചര്‍ച്ചയായി അടൂരിന്റെ വാക്കുകള്‍

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ‘മലയാളം വാനോളം, ലാല്‍സലാം’ ചടങ്ങിലെ പ്രസംഗത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുമ്പ്‌ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ അടൂരിന്റെ വാക്കുകളാണ് സാമൂഹികമാധ്യമങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. മോഹന്‍ലാലിന്റേത് നല്ലവനായ റൗഡി ഇമേജ് ആണെന്നും അതിനാലാണ് അദ്ദേഹത്തെ പ്രധാനകഥാപാത്രമാക്കി ചിത്രമൊരുക്കാന്‍ തനിക്ക് കഴിയാത്തതെന്നുമായിരുന്നു അടൂര്‍ അന്ന് പറഞ്ഞത്.

‘വല്ലാത്തൊരു ഇമേജാണ് മോഹന്‍ലാലിന്റേത്. നല്ലവനായ റൗഡി, എനിക്ക് ആ റോള്‍ പറ്റില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. റൗഡി, റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാവുന്നത്? അത്തരത്തിലുള്ളതല്ലാത്ത വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിരിക്കാം. എന്നാല്‍, എന്റെ മനസില്‍ ഇപ്പോള്‍ ഉറച്ചിരിക്കുന്ന ഇമേജ് അതാണ്’- എന്നായിരുന്നു എന്തുകൊണ്ടാണ് മോഹന്‍ലാലിനെ താങ്കളുടെ ചിത്രത്തില്‍ അഭിനയിപ്പിക്കാത്തത് എന്ന ചോദ്യത്തോട് അടൂരിന്റെ പ്രതികരണം.

സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ലാലിനെ പുകഴ്ത്തി അടൂര്‍ സംസാരിച്ചിരുന്നു. സ്വന്തം പ്രതിബിംബം മോഹന്‍ലാലില്‍ കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെ സ്‌നേഹപാത്രമായി അദ്ദേഹം മാറിയതെന്ന് അടൂര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിനെ ആദരിക്കുകയുംചെയ്യുന്ന ഒരാളാണ് താന്‍. സര്‍ക്കാരും മുഖ്യമന്ത്രിയും മുന്‍കൈയെടുത്ത് മോഹന്‍ലാലിനെ ആദരിക്കുന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യദേശീയ അവാര്‍ഡ് നല്‍കിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്നും അടൂര്‍ വേദിയില്‍ ഓര്‍മിച്ചു. അതേസമയം, 20 വര്‍ഷം മുമ്പ് തനിക്ക് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരച്ചടങ്ങുകളോ ഉണ്ടായില്ലെന്ന് അദ്ദേഹം പരിഭവം പ്രകടിപ്പിക്കുകയുംചെയ്തു.

തന്റെ മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ അടൂരിനെ പരാമര്‍ശിച്ചിരുന്നു. ‘എന്നെക്കുറിച്ച് ആദ്യമായി’, എന്നു തുടങ്ങി പകുതിയില്‍നിര്‍ത്തി, ‘അല്ല, ഒരുപക്ഷേ ഒരുപാട് സദസ്സുകളില്‍ എന്നെക്കുറിച്ച് സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും ഹൃദയത്തില്‍ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു’- എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News