EntertainmentKeralaNews

ആക്രമിക്കപ്പെട്ട നടി എന്റെ സുഹൃത്താണ്, ഒരേ ബില്‍ഡിങിലാണ് താമസിച്ചത്, വിജയ് ബാബു തുറന്നു പറയുന്നു

കൊച്ചി: ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായതിന് പിന്നാലെ പുറത്ത് വരുന്ന വിവരങ്ങള്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുകയാണ്
കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ തുടരന്വേഷണത്തിന് വിചാരണ കോടതിയില്‍ അപേക്ഷ വരെ നല്‍കിയിരിക്കുകയാണ് പോലീസ്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ നിലപാട് എനിക്കറിയില്ല എന്നാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു പറയുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയഅഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട വിഷയം വണ്‍ ഓഫ് ദ ഇന്‍സിഡന്റ് ആണ് എന്നാണ് വിജയ് ബാബു പ്രതികരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസാണത്. അമ്മയെ ബാധിച്ചിട്ടില്ല. ഞാന്‍ അമ്മയില്‍ എത്തിയിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളൂ. പുതിയ അംഗമെന്ന നിലയില്‍ ഇത്തരം വിഷയങ്ങളെ കുറിച്ചൊന്നും പറയേണ്ടതില്ല. അമ്മയ്ക്ക് അകത്തെ കാര്യങ്ങള്‍ കുറിച്ച് ചോദിക്കാന്‍ ഞാന്‍ റോങ് പേഴ്സണ്‍ ആണെന്നും വിജയ് ബാബു പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് എന്തായിരുന്നു എന്ന് എനിക്കറിയില്ല. ആക്രമിക്കപ്പെട്ട നടി എന്റെ സുഹൃത്താണ്. ഒരു ബില്‍ഡിങിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണ്. അമ്മയുടെ ഭാരവാഹി എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും എനിക്കതിന് ഉത്തരം പറയാന്‍ സാധിക്കില്ല. നടിയുമായി ഇപ്പോഴും കോണ്ടാക്ടുണ്ടെന്നും വിജയ് ബാബു പ്രതികരിച്ചു.

2017 ഫെബ്രുവരി 17നായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. വഴിമധ്യേ നടിയുടെ കാറിലേക്ക് അതിക്രമിച്ച് കടന്നവര്‍ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. ദിവസങ്ങള്‍ക്കകം തന്നെ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി. സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു പള്‍സര്‍ സുനി.

മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കേസില്‍ അറസ്റ്റിലയതും റിമാന്റ് ചെയ്യപ്പെട്ടതും. പള്‍സര്‍ സുനിക്ക് ദിലീപുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. പ്രതികള്‍ ജയിലില്‍ നിന്ന് അയച്ച കത്തും കേസില്‍ വലിയ തെളിവായി. വിചാരണയക്ക് പ്രത്യേക കോടതി അനുവദിക്കുകയും വിചാരണ അന്തിമഘട്ടത്തിലെത്തുകയും ചെയ്തിരിക്കുന്നു.

സിനിമാ മേഖലയിലുള്ളവര്‍ രണ്ടു തട്ടിലായ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. നടിയെ പിന്തുണച്ച് ഒരു വിഭാഗവും ദിലീപിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തുവന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആയിരുന്നു ആ വേളയില്‍. വിഷയം കോടതിയിലെത്തിയതോടെ പല സാക്ഷികളും കൂറുമാറുന്ന വാര്‍ത്തകളും വന്നു. സിനിമാ മേഖലയില്‍ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപം കൊള്ളുന്നതിലേക്ക് നയിച്ചതും ഈ സംഭവമായിരുന്നു.

ഡബ്ല്യുസിസിയില്‍ അംഗമല്ലാത്ത വനിതാ താരങ്ങളും നിരവധിയാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ പക്ഷപാതപരമായി പെരുമാറി എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സംഘടനയുടെ ഭാരവാഹികള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം വിചാരണക്കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ് നടിയെ ആക്രമിച്ച കേസില്‍ അസാധാരണ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button