മുംബൈ:സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന പ്രമുഖർ നിരവധിയാണ്. ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയും അതേ വഴിയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉർവശി പറഞ്ഞു.
ഇൻസ്റ്റന്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിനേക്കുറിച്ച് ഉർവശി റൗട്ടേല വെളിപ്പെടുത്തിയത്. താൻ ആരംഭിച്ച ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചെന്ന് ഉർവശി പറഞ്ഞു. ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഉർവശി റൗട്ടേല വ്യക്തമാക്കി.
ഏതുപാർട്ടിയേയാണ് തിരഞ്ഞെടുപ്പിൽ പ്രതിനിധീകരിക്കുക എന്നുചോദിച്ചപ്പോൾ കൂടുതൽ വെളിപ്പെടുത്താനാകില്ല, ഒരു ടിക്കറ്റ് കിട്ടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു നടിയുടെ ഉത്തരം.
“എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു. ഇനി രാഷ്ട്രീയത്തിൽ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ആരാധകരുടെ പ്രതികരണമറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ രാഷ്ട്രീയത്തിൽ ചേരണോ വേണ്ടയോ എന്ന് അവർ പറയണം.” ഉർവശിയുടെ വാക്കുകൾ.
സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് തനിക്ക് ആഗ്രഹമെന്നും നടി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം അവർ അയോധ്യ രാമക്ഷേത്രം സന്ദർശിച്ചിരുന്നു. രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ഈ സന്ദർശനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. \
അതേസമയം വിനയ് ശർമ സംവിധാനംചെയ്യുന്ന ജെ.എൻ.യു ആണ് ഉർവശി റൗട്ടേലയുടേതായി ഈയിടെ പ്രഖ്യാപിച്ച ചിത്രം. ഡൽഹി ജവഹർലാൽ നെഹ്‌റു
യൂണിവേഴ്സിറ്റിയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.