ജയ്പൂര്‍2:024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കളിയിൽ ഇന്നിറങ്ങുകയാണ് ലക്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും. രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 മുതലാണ് മത്സരം. സീസണിൽ ജയിച്ചുതുടങ്ങാൻ ഇരുടീമുകളും ലക്ഷ്യം വെക്കുമ്പോൾ ഈ പോരാട്ടത്തിൽ പൊടിപാറുമെന്ന് ഉറപ്പ്.
രാജസ്ഥാൻ റോയൽസിന്റെ മുൻ താരവും മലയാളിയുമായ ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിക്കാൻ പോകുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. ഇക്കുറി ലേലത്തിന് മുൻപ് ട്രേഡിലൂടെയായിരുന്നു പടിക്കലിനെ ലക്നൗ വാങ്ങിയത്. പുതിയ ടീമിനായുള്ള ആദ്യ കളിയിൽ രാജസ്ഥാന്റെ വില്ലനായി ദേവ്ദത്ത് പടിക്കൽ മാറുമോയെന്ന് കണ്ടറിയാം. മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ സാധ്യത പ്ലേയിങ് ഇലവൻ നോക്കാം.
ക്യാപ്റ്റൻ കെ എൽ രാഹുലും, ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ക്വിന്റൺ ഡി കോക്കും ചേർന്നാകും രാജസ്ഥാൻ റോയൽസിനെതിരെ ലക്നൗവിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. ഇവർക്ക് തിളങ്ങാനായാൽ ലക്നൗവിന് കാര്യങ്ങൾ എളുപ്പമാകും. രാജസ്ഥാനിൽ നിന്ന് ഇത്തവണ ലക്നൗവിലെത്തിയ ദേവ്ദത്ത് പടിക്കലാവും മൂന്നാം നമ്പരിൽ. നാലാം നമ്പരിൽ വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ നിക്കോളാസ് പുറാൻ ഇറങ്ങിയേക്കും. ഇന്ത്യൻ യുവതാരം ആയുഷ് ബഡോണിക്കും മധ്യനിരയിൽ സ്ഥാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ടീമിന്റെ പ്രധാന ശക്തികളിലൊന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളിമാറ്റാൻ കെല്പുള്ള സ്റ്റോയിനിസിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യയും ഇന്ന് ലക്നൗ നിരയിലുണ്ടാകും. അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾഹഖാവും രാജസ്ഥാൻ റോയൽസിനെതിരെ, ലക്നൗ സൂപ്പർ ജയന്റിന്റെ പേസ് നിരയെ നയിക്കുക. നവീന് കൂട്ടായി മൊഹ്സിൻ ഖാനും ഫാസ്റ്റ് ബോളിങ് ഡിപ്പാർട്ട്മെന്റിലുണ്ടാകും. രവി ബിഷ്ണോയ്, അമിത് മിശ്ര എന്നിവർ സ്പിൻ നിരയിൽ അണിനിരക്കാനാണ് സാധ്യത.
ലക്നൗ സൂപ്പർ ജയന്റ്സിന്റെ സാധ്യത ഇലവൻ: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ദേവ്ദത്ത് പടിക്കൽ, നിക്കോളാസ് പുറാൻ, ആയുഷ് ബഡോണി, മാർക്കസ് സ്റ്റോയിനിസ്, കൃണാൽ പാണ്ഡ്യ, നവീൻ ഉൾ ഹഖ്, രവി ബിഷ്ണോയ്, മൊഹ്സിൻ ഖാൻ, അമിത് മിശ്രം.
ഇമ്പാക്ട് പ്ലേയറാക്കാൻ സാധിക്കുന്നവർ: ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം, ശിവം മാവി, എം സിദ്ധാർഥ്.
കഴിഞ്ഞ സീസണേക്കാൾ ശക്തമായ സ്ക്വാഡാണ് 2024 സീസണിൽ രാജസ്ഥാൻ റോയൽസിന്റേത്. കിരീടം നേടാനുള്ള എല്ലാ കരുത്തും ഇക്കുറി അവർക്കുണ്ട്. ലേലത്തിൽ നിന്ന് ചില കിടിലൻ താരങ്ങളെയാണ് ഇക്കുറി അവർ സ്വന്തമാക്കിയത്. ഇതിൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ട്രമ്പ് കാർഡാകാൻ സാധ്യതയുള്ള രണ്ട് താരങ്ങളുമുണ്ട്. അത് ആരൊക്കെയെന്ന് നോക്കാം.
2024 സീസണ് മുന്നോടിയായുള്ള താരലേലത്തിൽ 7.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടറായ റോവ്മാൻ പവൽ. വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനായ റോവ്മാൻ പവൽ ഒറ്റയ്ക്ക് മത്സരം മാറ്റിമറിക്കാൻ മികവുള്ള കളിക്കാരനാണ്. കഴിഞ്ഞ സീസണിൽ ഫിനിഷിങ്ങിൽ രാജസ്ഥാന് ചില പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ പവലിന്റെ വരവോടെ ആ പ്രശ്നം പരിഹരിക്കപ്പെടും.
ടി20 ക്രിക്കറ്റിൽ 209 മത്സരങ്ങളിൽ നിന്ന് 3786 റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് പവൽ. ഈ പരിചയസമ്പത്ത് രാജസ്ഥാന് ഇക്കുറി കരുത്താകും. ഫിനിഷിങിലെ തലവേദന അവസാനിപ്പിക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്ന പവൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ട്രമ്പ് കാർഡുകളിലൊന്നാകും.
ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ 5.8 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് വിദർഭയുടെ ശുഭം ദൂബെ. റോവ്മാൻ പവലിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ് ദൂബെയും. പവലിനൊപ്പം ദൂബെയും എത്തിയതോടെ രാജസ്ഥാൻ റോയൽസിന്റെ ഫിനിഷിങ് തലവേദനകൾക്ക് അവസാനമായെന്ന് വേണം പറയാൻ. ടി20 യിൽ 20 കളികളിൽ 145.20 സ്ട്രൈക്ക് റേറ്റിൽ 485 റൺസാണ് ശുഭം ദൂബെ നേടിയിട്ടുള്ളത്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഇമ്പാക്ട് പ്ലേയറായി ശുഭം ദൂബെ കളിക്കാനാണ് സാധ്യത.
തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യം വെച്ചാണ് രാജസ്ഥാൻ റോയൽസ് 2024 സീസൺ ഐപിഎല്ലിൽ കളിക്കാനിറങ്ങുന്നത്. 2008 ലെ പ്രഥമ ഐപിഎല്ലിൽ ചാമ്പ്യന്മാരായ അവർ അതിന് ശേഷം ഒരു തവണ മാത്രമാണ് ഫൈനലിൽ എത്തിയത്. 2022 ൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ.
സഞ്ജു സാംസൺ (ക്യാപ്റ്റൻ), ജോസ് ബട്ലർ, ഷിംറോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ, റിയാൻ പരാഗ്, കുനാൽ റാത്തോർ, ഡൊണോവൻ ഫെരേര, റോവ്മാൻ പവൽ, ശുഭം ദൂബെ, ടോം കോഹ്ലർ കാഡ്മോർ, ആർ അശ്വിൻ, ആബിദ് മുഷ്താഖ്, ആവേശ് ഖാൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ, നാന്ദ്രെ ബർഗർ, തനുഷ് കൊട്ടിയാൻ.