വിവാഹ വാഗ്ദാനം നല്‍കി അഞ്ചു കൊല്ലം പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചു; തമിഴ്നാട് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഒന്നിച്ചു താമസിച്ച നടി രംഗത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍മന്ത്രിയായ പ്രമുഖ അണ്ണാ ഡിഎം.കെ നേതാവിനെതിരെ പീഡന പരാതിയുമായി ഒന്നിച്ചു താമസിച്ച നടി രംഗത്ത്. രാമനാഥപുരത്തു നിന്നുള്ള പ്രമുഖ അണ്ണാഡി.എം.കെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന എം. മണികണ്ഠനെതിരെയാണു നടി രംഗത്ത് വന്നിരിക്കുന്നത്.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണു നടി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും, സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപെട്ടാണു താന്‍ മുന്‍മന്ത്രിയെ പരിചയപ്പെടുന്നതെന്നും പിന്നീട് ഈ ബന്ധം വളര്‍ന്നു, ഇതിനിടെ ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി അയാള്‍ക്കൊപ്പം ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കു താന്‍ ഗര്‍ഭിണിയായി. മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചു.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പരാതിയില്‍ പറയുന്നു. ഇതോടെ മണികണ്ഠന്‍ തന്നെ മര്‍ദിക്കാന്‍ തുടങ്ങി. ഇക്കാര്യം പോലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപെടുത്തിയെന്നും പരാതിയിലുണ്ട്.

കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം പറയുന്ന വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു. ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറി. അടുത്ത ദിവസം തന്നെ മന്ത്രിയെ ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News