KeralaNews

വധ ഗൂഢാലോചന: ഫോണില്‍ നിര്‍ണായക വിവരങ്ങള്‍? നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ലഭിച്ചു?; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപില്‍നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിര്‍ണായകവിവരങ്ങളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആലുവ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഗൂഢാലോചനയും നടി ആക്രമണക്കേസും ബന്ധിപ്പിക്കുന്ന നിരവധി തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് സൂചന. ദിലീപ് സ്വന്തംനിലയ്ക്ക് മുംബൈയിലെ സ്വകാര്യലാബില്‍ പരിശോധനയ്ക്ക് അയച്ച മൊബൈല്‍ഫോണിലെ വിവരങ്ങളും പിടിച്ചെടുത്ത ഫോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.അന്വേഷണ സംഘത്തിന് നല്‍കാതെ മാറ്റിയ മൊബൈല്‍ ഫോണുകള്‍ പലതും ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മുംബെയിലേക്ക് അയച്ച ഫോണുകളില്‍ ഒന്ന് കോടതിയില്‍ നല്‍കിയിട്ടില്ല.

2017 വരെ ദിലീപ് ഉപയോഗിച്ച ഈ ഫോണില്‍ നടി ആക്രമണക്കേസിന്റെ പല വിവരങ്ങളും ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നു ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനാഫലവും അനൂപിന്റെയും സുരാജിന്റെയും മൊഴികളും വിലയിരുത്തിയ ശേഷം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ തവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ സമര്‍പ്പിച്ചേക്കും.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. കൂടാതെ തുടരന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. മാത്രവുമല്ലാ വധ ഗൂഢാലോചനക്കേസിലെ ഇരകളാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്ട്ട റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നടിയെ ആക്രമിച്ച കേസിന്റ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫഎബ്രുവരി 17ന് രാത്രിയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ആദ്യം ഡ്രൈവരെ കേന്ദ്രികരിച്ചു തുടങ്ങിയ അന്വേഷണം ഒടുവില്‍ ദിലീപില്‍ എത്തി നിന്നു.

നടിയെ ആക്രമിച്ച കേസില്‍ ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

ഇതേ ദിവസമാണ് സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാര്‍ച്ച് 3 കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

ജൂണ്‍ 26 ന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല്‍ ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് പറഞ്ഞു. വന്‍ വിവാദങ്ങള്‍ക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്. തുടര്‍ന്ന് ജൂണ്‍ 28 ന് ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല.

ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സഹപ്രവര്‍ത്തകന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button