കൊച്ചി:നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോൾ അറസ്റ്റിനെ പ്രതിരോധിക്കാൻ ഗൗരവമായ വാദങ്ങൾ ഉയർത്താനൊരുങ്ങി പ്രതിഭാഗം അഭിഭാഷകർ. നിലവിൽ ക്രൈംബ്രാഞ്ചിന് ദിലീപിനെ അറസ്റ്റു ചെയ്യാൻ തടസമില്ലെങ്കിലും കോടതി നിർദേശാനുസരണം നിലപാടു സ്വീകരിക്കാനാണ് സാധ്യത. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ സെക്‌ഷൻ 120 ബിയാണ് ഗൗരവമുള്ളതും അറസ്റ്റിന് അന്വേഷണ സംഘത്തിന് അനുവാദം നൽകുന്നതുമായ വകുപ്പ്. ഇതു പ്രകാരം രണ്ടു വർഷം വരെ തടവു ലഭിക്കാവുന്ന ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. ഐപിസി 116, 118, 506, 34 വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയ മറ്റു വകുപ്പുകൾ. ഇതിൽ പലതും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ തന്നെയാണ് എന്നത് കുരുക്കു മുറുക്കുന്നുണ്ട്.
ദിലീപിനെതിരെ ഒരു ഓഡിയോ ക്ലിപ്പിന്റെ മാത്രം പിൻബലത്തിൽ ഗുരുതരമായ വകുപ്പു ചുമത്തുമ്പോൾ ശബ്ദരേഖ എത്രത്തോളം വിശ്വാസ്യമാണ് എന്ന ചോദ്യം കോടതിയിൽ ഉയർന്നു വരും. ദിലീപിന്റെ ശബ്ദം അനുകരിക്കുന്ന നിലവധിപ്പേരുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച്. അതുകൊണ്ടു തന്നെ ഒരു ശബ്ദ വിദഗ്ധന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും പിൻബലത്തിൽ ശബ്ദരേഖ യഥാർഥമാണെന്ന് പൊലീസിനു തെളിയിക്കേണ്ടതായും വരും. ഇവിടെ ഐപിസി 120 ബി ഉൾപ്പടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദമായിരിക്കും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ഉയർത്തുക.
അതേസമയം, പ്രതികൾ ഒരുമിച്ചിരുന്നുള്ള സംസാരം വ്യാജമായി സൃഷ്ടിച്ചതാകില്ലെന്ന നിലപാടായിരിക്കും വാദിഭാഗത്തിന്റേത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസിനെയും ദിലീപിനു മേൽ കൈവച്ച ഡിവൈഎസ്പി കെ.എസ്. സുദർശനെയും കൊലപ്പെടുത്തിക്കഴിയുമ്പോൾ കേസ് നടത്തുന്നതിനുള്ള തുക എത്ര ചെലവഴിക്കേണ്ടി വരും എന്നത് ഉൾപ്പടെയുള്ള ചർച്ചകൾ നടന്നെന്നാണ് ഓഡിയോയലുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വാദിഭാഗം ഉയർത്തുന്ന വാദങ്ങൾ കോടതി അംഗീകരിക്കുന്ന സാഹചര്യമുണ്ടായാൽ ദിലീപിന് അതിനു വലിയ വില നൽകേണ്ടി വരും എന്നതിൽ തർക്കമില്ല. സുനിൽ കുമാറിനെ ജാമ്യത്തിൽ ഇറക്കി കൊലപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. പൾസർ സുനിയുടെ അമ്മ ഇതു സ്ഥിരീകരിച്ചു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യവും വാദിഭാഗം കോടതിയെ ധരിപ്പിക്കും.
ഒരു വ്യക്തി തന്നെ ഉപദ്രവിച്ച ഒരാളെ കൊല്ലും എന്നു സ്വന്തം വീട്ടിലിരുന്നു പറഞ്ഞാൽ അതിൽ ഗൂഢാലോചനയുണ്ടെന്നു പറയാനാകുമോ എന്ന സംശയമാണ് ഒരു വിഭാഗം അഭിഭാഷകർ ഉന്നയിക്കുന്നത്. ഗൂഢാലോചനക്കുറ്റം ആരോപിക്കുമ്പോൾ കുറ്റകൃത്യം നടപ്പാക്കാനുള്ള ആലോചന കൂടി നടത്തിയിട്ടുണ്ട് എന്നതു തെളിയിക്കേണ്ടി വരും. ഇത് എങ്ങനെ നടപ്പാക്കാനാണ് പ്രതി ആലോചിച്ചത് എന്നകാര്യത്തിലെല്ലാം വ്യക്തത വേണ്ടി വരും. ഈ കേസിൽ ഓഡിയോ എന്നു നടന്നതിന്റെയാണെന്നോ എവിടെവച്ചു നടന്നതിന്റെയാണെന്നൊ തെളിയിക്കാനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. ഓഡിയോ പുറത്തു വിട്ട ആൾ പറയുന്നത് മാത്രം കണക്കിലെടുക്കാൻ കോടതി തയാറാവണമെന്നില്ല. ഇങ്ങനെയാണെങ്കിൽ ഓഡിയോയുടെ വിശദമായ പരിശോധന അത്യാവശ്യമാകും.
ചില മാധ്യമങ്ങൾ സാമ്പത്തിക താൽപര്യമിട്ട് തന്നെ ടാർഗറ്റ് ചെയ്യുന്നതായും ദിലീപ് കോടതിയിൽ ആരോപണം ഉന്നയിക്കുന്നതിനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ സാക്ഷികളെയും ജഡ്ജിമാരെയും ഉൾപ്പടെ സ്വാധീനിക്കാനാണ് ശ്രമമെന്നായിരിക്കും മറ്റൊരു ആരോപണം. കോടതി ഇതിനെ എത്രത്തോളം ഗൗരവമായാണ് കാണുക എന്നതും പ്രസക്തമാണ്. ഒരു പക്ഷെ പൊലീസ് നടപടികളെ കോടതിയും സംശയത്തോടെ കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ‘പ്രതികൾക്കും ചില അവകാശങ്ങളുണ്ട്’ എന്ന കോടതിയുടെ പരമാർശം കൂട്ടിവായിക്കുമ്പോൾ ഇതു കുറച്ചു കൂടി വ്യക്തമാണു താനും. ജാമ്യം ലഭിക്കുന്ന മുറയ്ക്ക് ഗൂഢാലോചന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവും ദിലീപ് കോടതിയിൽ ഉയർത്തും.
ഗൂഢാലോചനക്കേസിൽ ദിലീപിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചാലും ദിലീപിനെ അകത്താക്കാനുള്ള പദ്ധതികളുമായി അന്വേഷണ സംഘം മുന്നോട്ടു പോകാൻ തന്നെയാണ് സാധ്യത. നടിയെ ആക്രമിച്ച കേസിലുള്ള ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് അപേക്ഷ നൽകുന്നത് അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. പുതിയൊരു കേസിൽ അറസ്റ്റു ചെയ്യുന്നതിനെക്കാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടുന്നത് കോടതിയിൽ ഫലം ചെയ്തേക്കും. ദിലീപിനു ജാമ്യം നൽകുമ്പോൾ വീണ്ടുമൊരു കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികൾ കോടതി വച്ചിട്ടുണ്ട്. ഇത് ലംഘിച്ചെന്ന ഗുരുതര ആരോപണം വാദി ഭാഗം ഉയർത്തുകയും ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെടുമെന്നുമാണ് വിലയിരുത്തൽ.
അതേസമയം നേരത്തെ സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഉയർത്തി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി തള്ളിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഉയർത്തിയ ആവശ്യം.