തിരുവനന്തപുരം: ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയതില്‍ വ്യക്തതവരുത്തി നടി. അവിരാ റബേക്ക സംവിധാനം ചെയ്ത ‘പിഗ്മാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് ജയസൂര്യ തന്നോട് മോശമായി പെരുമാറിയതെന്നും ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷനെന്നും നടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്നെ ആരും ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും കണ്‍സെന്റില്ലാതെ ശരീരത്തില്‍ തൊടുകയാണുണ്ടായതെന്നും നടി പറഞ്ഞു
‘ഞാന്‍ ആരോപണം ഉന്നയിക്കുന്നത് വലിയൊരാള്‍ക്കു നേരെയാണ്. അതുകൊണ്ട് അത് തെളിയിക്കേണ്ട ബാധ്യതയും എനിക്കാണ്. 2013-ല്‍ അവിര റെബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ജയസൂര്യ പിന്നില്‍നിന്ന് എന്നെ കെട്ടിപിടിച്ചു. ആരാണെന്നറിയാതെ ഞാന്‍ കരഞ്ഞപ്പോള്‍ ജയസൂര്യ സോറി പറഞ്ഞു.
ഇനി അങ്ങനെ ചെയ്യില്ല ഫ്രണ്ട്‌സായിരിക്കാം എന്നൊക്കെ പറഞ്ഞു. പിന്നീട് എന്നെ അദ്ദേഹം ബുദ്ധിമുട്ടിച്ചിട്ടില്ല. ഒരു സോഷ്യല്‍ വര്‍ക്കിന്റെ പരിപാടിക്ക് ജയസൂര്യ വരികയും എന്റെ മകനുമായിനിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പാവപ്പെട്ടവര്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ആ പൈസ എനിക്ക് തന്നതല്ല. അത്തരം സഹായങ്ങള്‍ ചെയ്യുന്ന ആളെന്ന ബഹുമാനമുണ്ട്. എന്നുകരുതി അന്നുണ്ടായ സംഭവം മറക്കാനാവില്ല’, നടി പറഞ്ഞു
അമ്മ, ഫെഫ്ക ഒക്കെ തകര്‍ന്നത് ഞാന്‍ കാരണമാണെന്ന് ഓണ്‍ലൈന്‍ മീഡിയക്കാര്‍ പറയുന്നതുകേട്ടു. ഞാനിതിലൊന്നും മെമ്പറല്ല. സത്യങ്ങള്‍ പറയുമ്പോള്‍ തകരുന്നത് സഹിക്കാനേ പറ്റൂ. മക്കളാണ് ആളുടെ പേര് തുറന്നുപറയാന്‍ പറഞ്ഞത്. അത് പബ്ലിസിറ്റിക്ക് വേണ്ടിയോ പണം തട്ടാനോ അല്ലെന്നും അവര്‍ വ്യക്തമാക്കി.