ചെന്നൈ: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി തമിഴ് നടന്‍ സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്ന് നടന്‍ പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15നുള്ളില്‍ വിചാരണക്കോടതിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇതു നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിനു സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ചൂണ്ടിക്കാട്ടിയിരുന്നു.