EntertainmentKeralaNews

കേരള മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നത് ആവേശകരം, ഇപ്പോള്‍ 88 വയസ്സ് ആയിട്ടല്ലേയുള്ളൂ 10,15 വര്‍ഷം കാത്തിരിക്കാമായിരുന്നു; മെട്രോമാനോട് സിദ്ധാര്‍ത്ഥ്

ചെന്നൈ:ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ. ശ്രീധരനെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. പ്രഖ്യാപനം കുറച്ച് നേരത്തേ ആയിപ്പോയില്ലേ എന്നും ഒരു 10,15 വര്‍ഷം കഴിഞ്ഞ് മതിയായിരുന്നില്ലേയെന്നും സിദ്ധാര്‍ത്ഥ് ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. മെട്രോമാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതും കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നു എന്നതും ആവേശമുണര്‍ത്തുന്ന കാര്യമാണെന്നും സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

‘ഇ. ശ്രീധരന്‍ സാറിന്റെ വലിയ ആരാധകനാണ് ഞാന്‍. സാങ്കേതിക വിദഗ്ധന്‍ എന്ന നിലക്ക് അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ എണ്ണമറ്റതാണ്. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതും കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നു എന്നതും ആവേശമുണര്‍ത്തുന്നു.

കുറച്ച് നേരത്തെ ആയിപ്പോയോ എന്നത് മാത്രമാണ് എനിക്കാകെയുള്ള ആശങ്ക. അദ്ദേഹത്തിന് ഒരു പത്തു പതിനഞ്ചു വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോള്‍ 88 വയസ്സ് ആയിട്ടല്ലേയുള്ളൂ’- സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി രാജ്യസ്നേഹികളുടെ പാര്‍ട്ടിയാണെന്നും കേരളത്തിനായി തനിക്ക് ഏറെ ചെയ്യാനാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button