കോട്ടയം:ജയരാജിന്‍റെ ഒറ്റാല്‍ സിനിമയിലൂടെ പ്രശസ്തനായ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍) അന്തരിച്ചു. രക്ത സമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ചാണ് അന്ത്യം. കുമരകം സ്വദേശിയാണ്.
ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഒറ്റാലിലെ നായകനായിരുന്നു വാസുദേവന്‍. ജീവിതത്തിൽ മീൻപിടുത്തക്കാരനായ അദ്ദേഹം സിനിമയിൽ വല്യപ്പച്ചായി എന്നു വിളിക്കുന്ന താറാവ് കര്‍ഷകനെയാണ് അവതരിപ്പിച്ചത്. വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന വാസുദേവനെ കണ്ട സംവിധായകന്‍ ജയരാജ് തന്‍റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒറ്റാല്‍ കൂടാതെ ജയരാജിന്‍റെ തന്നെ ഭയാനകം, കാറ്റിലൊരു പായ്ക്കപ്പല്‍, മാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമകളില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല.
മത്സ്യബന്ധനം ഉപജീവനമായ ഇദ്ദേഹത്തിന് ഒറ്റാല്‍ സിനിമയ്ക്കു ശേഷം ജയരാജ് ഒരു വള്ളം സമ്മാനമായി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാസുദേവന്‍ പിന്നീട് ഇത് വിറ്റതും വാര്‍ത്തയായിരുന്നു. രജമ്മയാണ് ഭാര്യ. ഷാജിലാല്‍, ഷീബ എന്നിവര്‍ മക്കള്‍. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു.