തൃശൂര്‍: തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടനും മുന്‍ ചാലക്കുടി എം.പിയുമായ ഇന്നസെന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നസെന്റ് വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.
തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞോളാമെന്നും അതിന്റെ ഉത്തരവാദിത്തം വേറെയാരും ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് പോസ്റ്റില്‍ പറയുന്നു.
‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരില്‍ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്,’ അദ്ദേഹം പറയുന്നു.
സിനിമയില്‍ നിന്ന് വന്നപ്പോള്‍ ഒരാവേശത്തിന് ഇടതുപക്ഷക്കാരനായെന്നും അത് തന്റെ വലിയ തെറ്റാണെന്നുമാണ് ഇന്നസെന്റ് പറഞ്ഞതായുള്ള വാര്‍ത്തകളില്‍ പ്രചരിക്കുന്നത്. സിനിമയില്‍ വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്ന് ഞാന്‍ നൂറുവട്ടം പശ്ചാത്തപിക്കുന്നു.
കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍, ജനസേവനത്തിന്റെ ഏഴയലത്തുപോലും പ്രവര്‍ത്തിക്കുന്നില്ല. അണികള്‍ ത്യാഗങ്ങള്‍ സഹിച്ച് ആര്‍പ്പുവിളിക്കുന്നു പൊതുജനം നിസഹായരായി നോക്കി നില്‍ക്കുന്നു,’ എന്നും ഇന്നസെന്റ് പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.