ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗുമായി ആറാട്ട്,ആദ്യ ദിനത്തിലെ കളക്ഷൻ ഇങ്ങനെ

കൊച്ചി:രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയറ്റര്‍ വ്യവസായത്തെ ഉലച്ചു. മൂന്നാം തരംഗത്തിനു പിന്നാലെ തിയറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal) ചിത്രം ആറാട്ട് (Aaraattu). 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ വ്യവസായത്തിന്‍റെ വിലയിരുത്തല്‍. ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ (First day collection) എത്രയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം നേടിയതിനേക്കാള്‍ ഉയര്‍ന്ന ഓപണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്. 50 ശതമാനം ഒക്കുപ്പന്‍സി പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. ഒപ്പം സിനിമാവ്യവസായത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നത് ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ 2700 സ്ക്രീനുകളിലാണ് റിലീസ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നു. റിലീസ് ദിനം വൈകിട്ട് ജിസിസിയില്‍ മാത്രം ആയിരം പ്രദര്‍ശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായി ആയിരുന്നു ഇത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

ആറാട്ടിലെ ആദ്യ വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഒന്നാം കണ്ടം എന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. രാജീവ് ഗോവിന്ദന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാഹുല്‍ രാജ് ആണ്. ശ്വേത അശോക്, നാരായണി ഗോപന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ്, അശ്വിന്‍ വിജയന്‍, രാജ്കുമാര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ലോകമാകമാനം 2700 സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പുറത്തെത്തിയത്. ജിസിസിയില്‍ മാത്രം ദിവസേന 1000 പ്രദര്‍ശനങ്ങളാണ് നിലവില്‍. ജിസിസിയില്‍ 150 കേന്ദ്രങ്ങളിലായി 450 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

“ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്‍റര്‍ടെയ്നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News