കൊച്ചി:രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവം ആണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നും പുറത്തുവന്നത്. കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് സംഭവത്തിൽ അപലപിച്ച് കൊണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചും രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ ആന്റണി വർഗീസ് സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിൽ നടന്നതെന്നും ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? എന്നും ആന്റണി ചോദിക്കുന്നു. “മണിപ്പൂർ… എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്..”, എന്നാണ് ആന്റണി വർഗീസ് കുറിച്ചത്.
നടൻ സുരാജ് വെഞ്ഞാറമൂട് നേരത്തെ വിഷയത്തിൽ പ്രതികരിച്ചിരുന്നു
“മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ”, എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്തയും സുരാജ് പങ്കുവച്ചിട്ടുണ്ട്.
കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.
സംഭവത്തില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ സംഭവത്തെ അപലപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാറും രംഗത്ത് എത്തി. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ മാസങ്ങൾക്ക് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ നടുക്കം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് വരികയും ചെയ്തു. സംഭവത്തിൽ നേരത്തെ തന്നെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
നഗ്നരാക്കി നടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചിരുന്നു.