പുതുപ്പള്ളിയിലേക്ക് അവസാനയാത്ര, സംസ്കാര ചടങ്ങുകൾ വൈകും
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെക്കും. പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കും. നിലവിൽ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ വഴിയരികിൽ നിർത്തേണ്ടി വന്നാൽ ഇനിയും സമയം വൈകും. വീട്ടിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കും. പിന്നീട് പണി പൂർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വെക്കും. അതിന് ശേഷം പള്ളിയിലേക്ക് കൊണ്ടുപോവും.
ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. വളരെ പാടുപെട്ടാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമർപ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.
കുടുംബവീട്ടിലെ പൊതുദർശനവും സ്വന്തം വീടെന്ന സ്വപ്നവുമായി നിർമ്മാണമാരംഭിച്ച വീടിന്റെ മുറ്റത്തെ ശുശ്രൂഷയും കഴിഞ്ഞാണ് പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിക്കുന്നത്. രാഹുൽ ഗാന്ധി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ,കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ എത്തുന്നതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.