തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണത്തിലെ പ്രതി ജിതിനെ കോടതിയില്‍ ഹാജരാക്കി. കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ജിതിന്‍ ഷൂസ് കണ്ടെടുത്തു. എന്നാല്‍ ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചതായി പ്രതി പറഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായതായും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
ജിതിനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. അതിനുമുന്‍പ് സംഭവസമയത്ത് ജിതിന്‍ ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായയിനേത്തുടര്‍ന്ന് ജിതിനെ കോടതിയില്‍ ഹാജരാക്കി. നാളെ ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
കേസില്‍ പ്രധാനപ്പെട്ട തെളിവുകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സംഭവ സമയത്ത് ധരിച്ചിരുന്ന ഷൂസും ടീഷര്‍ട്ടും തിരിച്ചറിഞ്ഞാണ് പ്രതിയിലേക്ക് അന്വേഷണം സംഘം എത്തിയത്. പ്രതി ആ സമയം ധരിച്ചിരുന്ന ഷൂസ് കണ്ടെത്താനായി. പക്ഷേ, ടി ഷര്‍ട്ട് കണ്ടെത്താനായില്ല. കൃത്യം നടത്തിയശേഷം ടീ ഷര്‍ട്ട് കായലില്‍ കളഞ്ഞു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
പ്രതി ആക്രമണസമയത്ത് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇതുവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. അത് കണ്ടെത്തിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റേതാണ് സ്‌കൂട്ടര്‍ എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. അത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.