ഇടുക്കി: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അടുക്കളയില്‍ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയി അറസ്റ്റില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതി ബിനോയ്ക്കായി അന്വേഷണം നടന്നിരുന്നത്. മൂന്നാഴ്ചമുന്പ് കാണാതായ ബിന്ധുവിന്റെ മൃതദേഹം അയല്‍വാസിയായ ബിനോയിയുടെ അടുക്കളയിലെ അടുപ്പുപാതകത്തിനടിയില്‍നിന്നുമാണ് കണ്ടെടുത്തത്.
മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയ നിലയിലും ഉടുവസ്ത്രങ്ങള്‍ നീക്കംചെയ്ത നിലയിലുമായിരുന്നു. മൃതദേഹം നാലടിയോളം താഴ്ചയുള്ള കുഴിയില്‍ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു.
മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയശേഷം ചാണകം ഉപയോഗിച്ചു തറ മെഴുകി. തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതിപത്രി ഉണക്കാന്‍ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാല്‍ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടു വാരിയെല്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവശേഷം പ്രതി തമിഴ്‌നാട്ടിലേക്കും കടന്നിരിക്കാമെന്നുള്ള സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.