KeralaNews

അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്; പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയതിന് ക്ഷമ ചോദിച്ച് നിമിഷ

ചെങ്ങന്നൂര്‍: പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയുള്ള ഫോട്ടോഷൂട്ട് തന്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണെന്ന് സീരിയല്‍ താരം നിമിഷ ബിജോയി. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ല. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ നിന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോയും താരം പിന്‍വലിച്ചിട്ടുണ്ട്. പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തിയതില്‍ താരത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. ദൈവ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്.

ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഈ മാലിപ്പുരയില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറില്ല. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമെന്നാണ് വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker