മുംബൈ രാജ്യത്തെ വ്യവസായ ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇന്‍വെസ്റ്റ്മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ ഇന്‍ഫോകോമും കൂടി ഉള്‍ക്കൊള്ളുന്ന ജിയോ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപം നടത്താനാണ് അബുദാബി സ്റ്റേറ്റ് ഫണ്ട് സ്ഥാപനം പദ്ധതിയിടുന്ന്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം ജിയോ നേടിയെടുത്തിരുന്നു.
എന്നാല്‍, റിലയന്‍സ് വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിയോയുടെ പ്ലാറ്റ്‌ഫോം ലോകോത്തര നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്, ലോകത്തിലെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളിലൊന്നില്‍ സേവനം നല്‍കാനുളള അതിന്റെ വലിയ സാധ്യത കണക്കിലെടുക്കുന്നു,” മുബഡാല റോയിട്ടേഴ്സിന് അയച്ച ഇമെയിലില്‍ പറഞ്ഞു.
നേരത്തെ ജിയോയില്‍ ഫേസ്ബുക്ക് 43,574 കോടി നിക്ഷേപിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം സംരംഭമായ ജിയോയുടെ 9.9 ശതമാനമാണ് ഇടപാടിലൂടെ ഫേസ്ബുക്കിന് കൈവശമായത്. ഫേസ്ബുക്കുമായുള്ള കരാറിലൂടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ഈ ഇടപാടിലൂടെ ജിയോയുടെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായി ഫേസ്ബുക്ക് മാറിയിരുന്നു.
ജിയോ ഫേസ്ബുക്കിന്റെ പുതിയ സേവനങ്ങള്‍ക്ക് ശക്തി പകരും. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റിനായുള്ള അനുമതി നേടിക്കഴിഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ ഡിജിറ്റല്‍ പേയ്മെന്റില്‍ ഗൂഗിള്‍ പേ, പേടിഎം എന്നിവയുമായി മത്സരിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ വാട്‌സാപ്പിന് 400 ദശലക്ഷം ഉപയോക്താക്കളുണ്ട്. ചെറുകിട ബിസിനസുകളുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാര്‍ട്ടുമായി സഹകരിക്കും. ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിന് വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ജിയോയും ഫേസ്ബുക്കുമായി നടന്നത്.മുബഡാലയുമായുള്ള ബന്ധം സാധ്യതമായാല്‍ വിപണിയില്‍ ജിയോയുടെ ശക്തി പതിന്‍മടങ്ങ് വര്‍ധിയ്ക്കും.