കൊച്ചി: ‘സുമതി വളവ്’ സിനിമയെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തിൽ രംഗത്തെത്തി. നിർമ്മാതാവ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ തങ്ങളുടെ ഔദ്യോഗിക-സ്വകാര്യ ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് അഭിലാഷ് പറഞ്ഞു.
മുരളി കുന്നുംപുറത്തിന്റെ വീഡിയോ കണ്ട ശേഷം താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും, തനിക്ക് അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് വെളിപ്പെടുത്തി. സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാൽ കൂട്ടാൻ കഴിയില്ലെന്നും, 14 കോടി രൂപ ബജറ്റ് വരുമെന്ന് നിർമ്മാതാവിനെ മുൻകൂട്ടി അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകരെ കണ്ടെത്താൻ പോലും നിർമ്മാതാവിനെ സഹായിച്ചത് തങ്ങളാണെന്നാണ് അഭിലാഷ് പിള്ളയുടെ വാദം. തുടക്കത്തിൽ മറ്റൊരു കഥയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. സിനിമയുടെ പകുതി ബജറ്റായ 6 കോടി രൂപ നൽകാൻ ഒരു കമ്പനി തയ്യാറാവുകയും ഷൂട്ടിന് മുൻപ് ഒരു കോടി രൂപ നൽകുകയും ചെയ്തിരുന്നു. ചെന്നൈയിലുള്ള പ്രൊഡക്ഷൻ കമ്പനിക്ക് മുരളി കുന്നുംപുറം തന്നെ നൽകിയ ബജറ്റ് എസ്റ്റിമേഷൻ 14 കോടിയാണെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി. സിനിമ ഇറങ്ങാൻ പ്രതിസന്ധി നേരിട്ടപ്പോൾ ഗോകുലം മൂവീസിനെ ചിത്രത്തിന്റെ ഭാഗമാക്കിയത് താനാണെന്നും, ഇതിനിടെ തന്റെ കൈയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയതായും അഭിലാഷ് ആരോപിച്ചു.
നിർമ്മാതാവിന്റെ പെരുമാറ്റ രീതികളെക്കുറിച്ചും അഭിലാഷ് പിള്ള രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. കണക്കുകളെക്കുറിച്ച് സംസാരിക്കാൻ വരുമ്പോൾ മുരളി കുന്നുംപുറം പെട്ടെന്ന് അക്രമാസക്തനാകാറുണ്ടെന്നും ഇത് ‘വെള്ളം’ സിനിമയിൽ പറയുന്നതുപോലെയുള്ള വിഡ്രോവൽ സിൻഡ്രോം ആകാം എന്നും അദ്ദേഹം പരിഹസിച്ചു. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറയുന്ന നിർമ്മാതാവ് രണ്ടാഴ്ച മുൻപാണ് ‘വെള്ളം’ സിനിമയുടെ തമിഴ് റീമേക്കിന് അഡ്വാൻസ് നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കടുത്ത വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരളി കുന്നുംപുറത്തിന്റെ പ്രധാന ആരോപണങ്ങൾ
‘സുമതി വളവ്’ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുരളി കുന്നുംപുറത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്:
- ബജറ്റ് വർദ്ധിപ്പിച്ചു: സിനിമയുടെ ബജറ്റ് തുടക്കത്തിൽ പറഞ്ഞതിനേക്കാൾ വലിയ തോതിൽ വർദ്ധിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. 4 കോടി രൂപയിൽ തുടങ്ങാനിരുന്ന സിനിമയുടെ ബജറ്റ് 14 കോടി രൂപയിലേക്ക് എത്തിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
- സാമ്പത്തിക ബാധ്യത: ബജറ്റ് കൈവിട്ടുപോയതോടെ താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. വീടും വസ്തുവകകളും വിൽക്കേണ്ടി വന്നതായും അദ്ദേഹം അവകാശപ്പെട്ടു.
- ചതി ആരോപണം: സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ചതിക്കുകയായിരുന്നുവെന്നും തന്നെ ഒരു ‘കറവപ്പശുവായാണ്’ അവർ കണ്ടതെന്നും മുരളി ആരോപിച്ചു.
- വ്യക്തിപരമായ അധിക്ഷേപം: അഭിലാഷ് പിള്ളയ്ക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു. സിനിമയുടെ ലാഭവിഹിതം സംബന്ധിച്ചും കരാറുകൾ സംബന്ധിച്ചും വ്യക്തതയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Scriptwriter Abhilash Pillai has responded to producer Murali Kunnumppurath’s allegations regarding the movie ‘Sumathi Valavu’. Pillai clarified that the budget escalation was not caused by the director or writer and claimed that he was the one who introduced investors to the producer. He further alleged that the producer’s behavior is erratic and revealed that the producer even borrowed money from him while publicly claiming financial distress.


