കൊച്ചി: നിർമ്മാതാവ് മുരളി കുന്നുംപുറവുമായുള്ള തർക്കത്തിൽ നടൻ ഉണ്ണി മുകുന്ദന്റെ ഇടപെടലിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. “മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത്” എന്നാണ് ഉണ്ണി മുകുന്ദനെ ഉദേശിച്ച് അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
സുമതി വളവ് സിനിമയുടെ വിവാദങ്ങൾക്കിടെ ഉണ്ണി മുകുന്ദൻ നടത്തിയ ചില പ്രതികരണങ്ങളാണ് അഭിലാഷ് പിള്ളയെ ചൊടിപ്പിച്ചത്. വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് കാര്യങ്ങൾ വഷളാക്കരുതെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്നതിന് പിന്നാലെ ഉണ്ണി മുകുന്ദൻ നിർമ്മാതാവിന് പിന്തുണയുമായി എത്തിയതാണ് പുതിയ പോർമുഖം തുറന്നിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ നിർമ്മാതാവ് മുരളി കുന്നുംപുറത്തിനെതിരെയും കടുത്ത ആരോപണങ്ങളാണ് അഭിലാഷ് ഉന്നയിച്ചത്. മുരളിയുടെ പെരുമാറ്റത്തെ ‘വെള്ളം’ സിനിമയിലെ കഥാപാത്രത്തിന്റെ വിഡ്രോവൽ സിൻഡ്രോമിനോടാണ് അദ്ദേഹം ഉപമിച്ചത്. കണക്കുകൾ സംസാരിക്കാൻ വിളിക്കുമ്പോൾ നിർമ്മാതാവ് അക്രമാസക്തനാകാറുണ്ടെന്നും ഇത് ‘വെട്ട് വാതം പിടിച്ച സ്വഭാവം’ ആണെന്നും അഭിലാഷ് പരിഹസിച്ചു. സിനിമയുടെ ബജറ്റ് 14 കോടി ആകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും, തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ കടുത്ത വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് മുൻപേ പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും അഭിലാഷ് വെളിപ്പെടുത്തി.
സാമ്പത്തികമായി തകർന്നു എന്ന് പറയുന്ന നിർമ്മാതാവ് തന്റെ കൈയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അഭിലാഷ് ആരോപിച്ചു. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് അവകാശപ്പെടുന്ന ആൾ രണ്ടാഴ്ച മുൻപാണ് ‘വെള്ളം’ സിനിമയുടെ തമിഴ് റീമേക്കിനായി അഡ്വാൻസ് തുക നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ പ്രതിസന്ധിയിലായപ്പോൾ ഗോകുലം മൂവീസിനെ ഇതിലേക്ക് കൊണ്ടുവന്നത് തന്റെ ശ്രമഫലമാണെന്നും തിരക്കഥാകൃത്ത് അവകാശപ്പെട്ടു. ഉണ്ണി മുകുന്ദനും മുരളി കുന്നുംപുറവും ചേർന്ന് തനിക്കെതിരെ ബോധപൂർവ്വം നീക്കം നടത്തുകയാണെന്നാണ് അഭിലാഷിന്റെ പക്ഷം. മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്ന ഈ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളിലേക്ക് നീങ്ങാനാണ് സാധ്യത.
‘സുമതി വളവ്’ വിവാദം: നാൾവഴി
- ആരംഭം (കരാർ): മുരളി കുന്നുംപുറം നിർമ്മാതാവായും അഭിലാഷ് പിള്ള തിരക്കഥാകൃത്തായും ‘സുമതി വളവ്’ എന്ന ചിത്രം പ്രഖ്യാപിക്കുന്നു. തുടക്കത്തിൽ 4 കോടി രൂപ ബജറ്റിലാണ് സിനിമ വിഭാവനം ചെയ്തതെന്ന് നിർമ്മാതാവ് അവകാശപ്പെടുന്നു.
- ബജറ്റ് വർദ്ധനവ്: സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ ബജറ്റ് 14 കോടി രൂപയിലേക്ക് ഉയർന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതോടെ നിർമ്മാതാവും അണിയറപ്രവർത്തകരും തമ്മിൽ സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ആരംഭിക്കുന്നു.
- മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ: സിനിമയുടെ ബജറ്റ് കൈവിട്ടുപോയെന്നും താൻ വലിയ കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആരോപിച്ച് മുരളി കുന്നുംപുറം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുന്നു. അഭിലാഷ് പിള്ള തന്നെ ചതിച്ചുവെന്നും കറവപ്പശുവാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
- ഉണ്ണി മുകുന്ദന്റെ ഇടപെടൽ: വിവാദത്തിൽ നിർമ്മാതാവ് മുരളി കുന്നുംപുറത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തുന്നു. നിർമ്മാതാക്കളുടെ അവസ്ഥ ദയനീയമാണെന്ന രീതിയിലുള്ള പ്രതികരണങ്ങൾ താരം പങ്കുവെച്ചു.
- അഭിലാഷ് പിള്ളയുടെ മറുപടി: ആരോപണങ്ങൾ നിഷേധിച്ച് അഭിലാഷ് പിള്ള വാർത്താ സമ്മേളനം നടത്തുന്നു. 14 കോടി ബജറ്റ് നേരത്തെ അറിയിച്ചിരുന്നതാണെന്നും നിക്ഷേപകരെ കണ്ടെത്തി നൽകിയത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാതാവിന് ‘വിഡ്രോവൽ സിൻഡ്രോം’ ആണെന്നും തന്റെ കൈയിൽ നിന്ന് അദ്ദേഹം പണം കടം വാങ്ങിയിട്ടുണ്ടെന്നും അഭിലാഷ് ആരോപിച്ചു.
- ഉണ്ണി മുകുന്ദനെതിരെയുള്ള പരാമർശം: തർക്കത്തിനിടെ ഉണ്ണി മുകുന്ദൻ ഇടപെട്ടതിനെ അഭിലാഷ് രൂക്ഷമായി വിമർശിച്ചു. “മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുത്” എന്ന് ഉണ്ണി മുകുന്ദനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
Scriptwriter Abhilash Pillai has strongly criticized actor Unni Mukundan for interfering in the ‘Sumathi Valavu’ movie dispute, warning him not to act like a “wolf drinking blood” amidst the clash. During a press conference, Pillai also mocked producer Murali Kunnumppurath, comparing his erratic behavior to withdrawal syndrome and alleging that the producer still owes him money despite claiming financial ruin. He further clarified that the 14-crore budget was pre-disclosed and defended his professional integrity against the producer’s claims


