FeaturedHome-bannerKeralaNews

സംഘപരിവാർ തലച്ചോറിൽനിന്ന് ജന്മം കൊണ്ട വിഷലിപ്തമായ നിയമം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‍ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽനിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്.

അനധികൃത കുടിയേറ്റക്കാർ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തിൽ വന്നത് 2003ൽ വാജ്പേയ് സർക്കാരിന്റെ കാലത്താണ്. എന്നാൽ ആരാണ് അനധികൃത കുടിയേറ്റക്കാർ എന്നത് നിർവചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിർണയിക്കാനുള്ളതിന് അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കൽപ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. ഭരണഘടനയുടെ 14, 21, 25 ഈ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് ഈ നിയമം. മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ ഒരു നിയമം സർക്കാരുകൾക്ക് കൊണ്ടുവരാനാകില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്ത് എല്ലാവർക്കും നിയമത്തിനു മുന്നിൽ സമത്വം, തുല്യമായി നിയമസംരക്ഷണം എന്നിവ ഉറപ്പ് നൽകുന്നുണ്ട്. കുടിയേറ്റക്കാരെ മുസ്ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതിലൂടെ ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ ധാർമികതയ്ക്ക് വിഭിന്നമായി മതപരമായ വിഭജനത്തെ നിയമപരമാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിൽ ആ രാജ്യങ്ങളിൽ പീഡനം നേരിടുന്ന മുസ്‍ലിം ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉൾപ്പെടുത്താത്തത്? പാക്കിസ്ഥാനിലെ അഹമ്മദീയ മുസ്‍ലിംകൾ, അഫ്ഗാനിസ്ഥാനിലെ അസര വിഭാഗക്കാർ, മ്യാൻമറിലെ റോഹിങ്ക്യൻ വംശജർ, ശ്രീലങ്കയിലെ തമിഴ് വംശജർ എന്നിവരെല്ലാം പൗരത്വത്തിന്റെ പടിക്കു പുറത്താകുന്നത് പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തെയാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിലും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button