കണ്ണൂർ: ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയിൽ നിന്നാണ് യാത്രക്കാരൻ ട്രെയിനിൽ കയറിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്.
തുടർന്ന് യാത്രക്കാർ വിവരം ടിടിയെ അറിച്ചു. ടിടി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വരുകയും ചെയ്തപ്പോഴാണ് പോലീസ് സഹായം തേടിയതെന്നാണ് വിവരം. പോലീസ് എത്തി ഇയാളെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ പോലീസുകാരൻ ബൂട്ട് ഇട്ട് ചവിട്ടുന്നതിന്റേയും തള്ളി നീക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ട്രെയിൻ യാത്രക്കാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.
യാത്രക്കാരനെ എഎസ്ഐ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു. മനുഷ്യ അന്തസിന് മാന്യത കൽപ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പ്രഥമദൃഷ്ടിയിൽ വ്യക്തമാക്കുന്നതെന്നും ഇളങ്കോ അറിയിച്ചു. റിപ്പോർട്ട് വരുന്ന മുറക്ക് അധികാര പരിധി നോക്കി അച്ചടക്ക നടപടി ആവശ്യമെങ്കിൽ അതിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ വ്യാപക വിമർശനമുയർന്നിരുന്നു. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകിയിരുന്നു. കോവളത്തെ സംഭവത്തിന് പിന്നാലെയണ് കണ്ണൂരിൽ നിന്നുള്ള വാർത്ത പുറത്ത് വരുന്നത്.