കോഴിക്കോട്: ബിജെപിയിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. പക്ഷേ എന്തു പ്രശ്നമാണെങ്കിലും അതെല്ലാം സംഘടനയ്ക്കുള്ളിൽ പറയുന്നതായിരുന്നു മര്യാദ. ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
പാർട്ടി പുനസംഘടനയിൽ തന്നെ അവഗണിച്ചെന്ന് മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുറന്നടിച്ചതിന് പിന്നാലെയാണ് ബിജെപിക്കുള്ളിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തു വന്നത്. മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പിഎം വേലായുധൻ, കെപി ശ്രീശൻ തുടങ്ങിയവരും പുനസംഘടനയിൽ തങ്ങളെ അവഗണിച്ചുവെന്ന് തുറന്നടിച്ചിരുന്നു.
ബിനീഷിനെതിരായ ഇഡിയുടെ കേസിൽ ഭാര്യയും മാതാവും ഉൾപ്പെടുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര ഏജൻസികളിൽ നിന്നും കിട്ടുന്ന വിവരം ഇതാണ്. തീവ്രവാദ പാർട്ടികളുമായുള്ള നീക്കുപോക്ക് യുഡിഎഫിന് തിരിച്ചടിയാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം ശോഭ സുരേന്ദ്രൻ്റെയും പി എം വേലായുധൻ്റേയും എതിർ സ്വരത്തെ പറ്റി അഭിപ്രായം പറയാനില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന പ്രസിഡൻ്റിൻ്റെ അഭിപ്രായം തന്നെയാണ് പറയാനുള്ളതെന്നും കുമ്മനം കൂട്ടിച്ചേർത്തു.