KeralaNews

കാറില്‍ ഒരു മാസമായി കൂടെ കൊടുംവിഷമുള്ള രാജവെമ്പാല; ഞെട്ടല്‍ മാറാതെ സുജിത്ത്

കോട്ടയം: ഒരു മാസത്തോളം കൊടുംവിഷമുള്ള രാജവെമ്പാലയുമായാണ് താന്‍ കുടുംബത്തിനൊപ്പം കാര്‍ ഓടിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ കോട്ടയം ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്ത് മാത്രമല്ല ആര്‍പ്പൂക്കരയിലെ അയല്‍വാസികളാകെ ആശ്വാസത്തിലായി. 


ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ച്, ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. 

നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും ഇവര്‍ യാത്ര നടത്തി. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ സുജിത്ത് രാജവെമ്പാല കാറില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ വിളിച്ചുവരുത്തി. വാവ എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

സമീപത്തു കണ്ട പാമ്പിന്റെ കാഷ്ഠം ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ പറഞ്ഞതോടെ സുജിത്തിനൊപ്പം നാട്ടുകാരും കടുത്ത ആശങ്കയിലായി. കാറിനുള്ളില്‍ നിന്നും പുറത്തു കടന്ന പാമ്പ് പരിസരത്തെവിടെയോ ഉണ്ടെന്ന് ഉറപ്പിച്ചു. പരിസരം അരിച്ചു പെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ വാവ മടങ്ങി.

ആരുടെ വീടിനുള്ളിലാണ് രാജവെമ്പാല കയറിക്കൂടിയതെന്ന് അറിയാതെ തുടര്‍ന്നുള്ള ദിവസങ്ങള്‍ സുജിത്തിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത ദിവസങ്ങളായി. ഓരോ ചെറിയ അനക്കം പോലും പേടിപ്പിക്കുന്നതായി. ഒടുവിലാണ് അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടത്. ഉടന്‍ തന്നെ വലയിട്ടു മൂടി. പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചു.

വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കരന്‍ അബീഷ് എത്തി പാമ്പിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇതോടെയാണ് സുജിത്തിനും നാട്ടുകാര്‍ക്ക് ആശ്വാസമായത്. എന്നാല്‍ ഒരു മാസം രാജവെമ്പാലയുമായി യാത്ര നടത്തിയ സുജിത്തിനും കുടുംബത്തിനും ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. പാമ്പിനെ വനംവകുപ്പ് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button