കൊച്ചി: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഈട് നല്‍കിയ ആധാരം തിരികെ നല്‍കണമെന്ന് ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. തീരുമാനമെടുക്കാന്‍ ഇ ഡിക്ക് മൂന്നാഴ്ച സാവകാശം നല്‍കി. തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
വായ്പ തിരിച്ചടച്ച ശേഷം ആധാരം ലഭിക്കാനായി ഫ്രാന്‍സിസ് കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കൊണ്ടുപോയെന്ന് വിശദീകരണം ലഭിച്ചതോടെയാണ് ഫ്രാന്‍സിസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഫ്രാന്‍സിസിന്റെ ആധാരം തിരികെ ലഭിക്കാന്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇ ഡിക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ പരിഗണിച്ച് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. നിരവധി രേഖകള്‍ പരിശോധിക്കാനുണ്ടെന്നും ഹര്‍ജിക്കാരന്റെ ആധാരം പരിശോധിച്ച ശേഷം തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം ഇ ഡി നോട്ടീസ് അയച്ച വടക്കഞ്ചേരി മുൻസിപ്പൽ കൗൺസിലർ മധു അമ്പലപുരം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. രാവിലെ 11 മണിക്ക് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനേയും ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാറിനെയും ഇ ഡി ചോദ്യം ചെയ്യുകയാണ്. പി ആർ അരവിന്ദാക്ഷന്റെ വിദേശ നിക്ഷേപവും വിദേശ മലയാളികളുമായുള്ള ബന്ധവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി അന്വേഷിക്കുന്നുണ്ട്.