ന്യൂഡൽഹി: ബിജെപി ഭരണത്തിൽ രാഷ്പത്രിക്ക് വേണ്ടത്ര ബഹുമാനം നൽകുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്. രാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബിജെപി സർക്കാരിന്റേതെന്ന് ഖർഗെ കുറ്റപ്പെടുത്തി.
ദലിത് വിഭാഗത്തിൽപ്പെട്ട രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഖർഗെയുടെ പ്രതികരണം.
‘‘പുതിയ പാർലമെന്റ് മന്ദിരം യഥാർഥത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉദ്ഘാടനം ചെയ്യേണ്ടത്. സഭകളുടെ നാഥൻ രാഷ്ട്രപതിയാണ്. അവരാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. ദലിത് വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ബിജെപി ഉപയോഗിക്കുകയാണ്.’ – മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഖർഗെ, പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെയും ക്ഷണിച്ചിട്ടില്ലെന്ന് ആരോപിച്ചു.
ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലികാർജുൻ ഖർഗെയുടെ വിമർശനം. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമർശിച്ചിരുന്നു. സമാന അഭിപ്രായവുമായി വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.
2020 ഡിസംബറിൽ നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണിത്. 970 കോടി രൂപ ചെലവിൽ നിർമിച്ച നാലു നില കെട്ടിടത്തിൽ 1224 എംപിമാരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാൾ ആണ് മറ്റൊരു ആകർഷണം. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.