വയനാട്: അമ്പലവയലില്‍ കുമ്പളേരിക്ക് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളായ സോന (19) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം..
വീടിനുസമീപത്തായി മണ്ണുനീക്കം ചെയ്ത് കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച കുളത്തിലായിരുന്നു അപകടം. വര്‍ഗീസും മക്കളും ചേര്‍ന്ന് നീന്താനിറങ്ങിയപ്പോള്‍ സോന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പടെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സോന.
വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് അവധി പ്രഖ്യാപനം. പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും എംആർഎസ് സ്‌കൂളുകൾക്കും അവധി ബാധകമല്ല. മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.