KeralaNews

മലപ്പുറത്തും നാളെ അവധി,നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല,4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്,വയനാട്,കണ്ണൂർ,മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25)കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാവില്ല.

കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്ന് രാത്രിയോടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറ് മണി ഓടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ്യ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റ‍‍ർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

വയനാട് അമ്പലവയലില്‍ കുമ്പളേരിക്ക് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളായ സോന (19) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം..

വീടിനുസമീപത്തായി മണ്ണുനീക്കം ചെയ്ത് കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച കുളത്തിലായിരുന്നു അപകടം. വര്‍ഗീസും മക്കളും ചേര്‍ന്ന് നീന്താനിറങ്ങിയപ്പോള്‍ സോന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പടെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സോന.

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകള്‍ കരകവിഞ്ഞു. മൂന്ന് പ്രധാനപാലങ്ങള്‍ വെള്ളത്തിനടിയിലാണ്. വട്ട്യാംതോട്, മാട്ടറ, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഇതുകാരണം മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വാഹനഗതാഗതം നിര്‍ത്തിവെച്ചു. വയത്തൂര്‍ പാലത്തില്‍ കൂടിയുള്ള ഗതാഗതം നിലച്ചിട്ട് രണ്ട് ദിവസമായി. മണിക്കടവ് ടൗണില്‍ വെള്ളം കയറി. ഒട്ടേറെ കടകള്‍ വെള്ളത്തിലാണ്. ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നശിച്ചു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയരികിലും താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അറിയിച്ചു. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസക്യാമ്പ് തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണസേനയുടെ സേവനം എല്ലാ സമയത്തും ലഭ്യമാണ്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് ഉളിക്കല്‍ പോലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker