പ്രഭുദേവയ്ക്ക് വേണ്ടി ഞാന്‍ വെജിറ്റേറിയനായി, ഭ്രാന്തമായ പ്രണയമായിരുന്നു; വെളിപ്പെടുത്തി വനിത
കൊച്ചി:തമിഴ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവ സാന്നിധ്യാണ് വനിത വിജയകുമാര്‍. തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെ മകളാണ് വനിത. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ വനിത വിജയ്‌ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ച വനിത പിന്നീട് ടെലിവിഷനിലും സജീവമായി മാറുകയായിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ വിവാദങ്ങളിലൂടെയാണ് വനിത വാര്‍ത്തകളില്‍ നിറയുന്നത്.
തന്റെ കുടുംബവുമായുള്ള വനിതയുടെ ബന്ധം എന്നും വിവാദ വിഷയമാണ്. അച്ഛന്‍ വിജയകുമാറുമായും സഹോദരന്‍ അരുണ്‍ വിജയുമായുമൊന്നും അത്ര നല്ല ബന്ധമല്ല വനിതയ്ക്കുള്ളത്. കുടുംബവുമായി താരം ഇപ്പോള്‍ സംസാരിക്കാറു പോലുമില്ല. പലപ്പോഴായി പരസ്യമായി തന്നെ അച്ഛനെതിരെ വനിത രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ദാമ്പത്യ ജീവിതവും പ്രശ്‌നഭരിതമായിരുന്നു.
രണ്ട് തവണ വിവാഹിതയായ വനിതയുടെ രണ്ട് വിവാഹങ്ങളും വളരെ മോശം അവസ്ഥയിലാണ് പിരിഞ്ഞത്. ഒരിക്കല്‍ കൊറിയോഗ്രാഫര്‍ റോബര്‍ട്ട് മാസ്റ്ററുമായി വനിത പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. ഇരുവരും വലിയ വഴക്കിലാണ് ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് പീറ്റര്‍ പോളിനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധവും അധികം വൈകാതെ അവസാനിപ്പിക്കേണ്ടി വന്നു.
സിനിമകളില്‍ നിന്നും ടെലിവിഷനിലെത്തിയ വനിത നിരവധി ഹിറ്റ് ഷോകളുടെ ഭാഗമായിരുന്നു. പിന്നീടാണ് വനിത ബിഗ് ബോസിലെത്തുന്നത്. വിവാദങ്ങളുടെ ഇഷ്ടതോഴിയായ വനിതയുടെ ബിഗ് ബോസ് ജീവിതവും ഒട്ടും വിഭിന്നമായിരുന്നില്ല. തന്റെ പ്രസ്താവനകളിലൂടേയും പ്രവര്‍ത്തികളിലൂടേയും ബിഗ് ബോസ് കാലത്തും വനിത വിവാദങ്ങളില്‍ നിറഞ്ഞു നിന്നു. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം യൂട്യൂബ് ചാനലുകളിലെ അവതാരകയായി മാറുകയായിരുന്നു വനിത.
അവതാരകയായി തിളങ്ങാന്‍ വനിതയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി വലിയ താരങ്ങളെ വനിത പല ചാനലുകള്‍ക്ക് വേണ്ടി ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. അഭിനയത്തിലും സജീവമാണ് വനിത. ഇപ്പോഴിതാ നടനും കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവയെക്കുറിച്ച് വനിത പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ പ്രഭുദേവയുടെ കടുത്ത ആരാധികയായിരുന്നുവെന്നും തനിക്ക് പ്രഭുദേവയോട് പ്രണയമായിരുന്നുവെന്നാണ് വനിത പറയുന്നത്.
”എനിക്ക് പ്രഭുദേവയോട് ഭ്രാന്തമായ പ്രണയമായിരുന്നു. അദ്ദേഹത്തിന്റെ സിനിമ വന്നപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ശേഖരിച്ചു. അത് വച്ച് എന്റെ മുറി നിറച്ചു. എന്റെ സ്വപ്‌നങ്ങളില്‍ ഞാന്‍ നഗ്മയായി പ്രഭുദേവയുടെ കൂടെ ഡാന്‍സ് ചെയ്യുമായിരുന്നു. അദ്ദേഹത്തോടുള്ള എന്റെ പ്രേമം കണ്ട് ഒരിക്കല്‍ അച്ഛന്‍ പ്രഭുദേവയെ വീട്ടിലേക്ക് കൊണ്ടു വന്നിരുന്നു” എന്നാണ് വനിത പറഞ്ഞത്.
”അദ്ദേഹം വരുന്നതറിഞ്ഞ് ആവേശഭരിതയായ ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഭക്ഷണമൊക്കെയുണ്ടാക്കി വച്ചിരുന്നു. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഉണ്ടാക്കിയത്. എന്നാല്‍ താന്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പക്ഷെ അത് പുറമെ കാണിക്കാതെ മുട്ട പാചകം ചെയ്ത് കൊടുത്തു. പിന്നെ കുറച്ച് ദിവസവും ഞാനും നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിരുന്നില്ല. പിന്നെ ഞാന്‍ വീണ്ടും നോണ്‍ വെജ് കഴിക്കാന്‍ തുടങ്ങി” എന്നും വനിത പറയുന്നു.