പാലക്കാട്: സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലേക്ക് തന്നെ സ്ഥലം മാറ്റം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മട്ടാഞ്ചേരി എ.സി.പി ആയിരുന്ന സുരേഷിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയാണ് മാറ്റിയിരിക്കുന്നത്. കേസ് അട്ടിമറിക്കാനാണിതെന്ന ആരോപണമാണ് പരാതിക്കാരിയായ പട്ടാമ്പി സ്വദേശിനി ഉയര്‍ത്തുന്നത്.
ഡിവൈഎസ്പി സുരേഷ് പട്ടാമ്പി സി.ഐ ആയിരിക്കുമ്പോഴാണ് സംഭവം. 2016ല്‍ വീട്ടിലെത്തിയ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് സിനിമാ താരത്തിന്റെ ഭാര്യയായ യുവതിയുടെ പരാതി. 2017ല്‍ ഭര്‍ത്താവിന് ഈ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വധഭീഷണി സന്ദേശം വന്നതോടെയാണ് പീഡനവിവരം യുവതി തുറന്ന് പറയുന്നത്.
നിരവധി നിയമ പോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറായത്. നിലവില്‍ ക്രൈംബ്രാഞ്ചിനാണ് ഡിവൈഎസ്പി സുരേഷിനെതിരായ അന്വേഷണത്തിന്റെ ചുമതല. എന്നാല്‍, കുറ്റാരോപിതന് അതേ ക്രൈംബ്രാഞ്ചിലേക്ക് തന്നെയാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നതും. പരാതിയിന്‍മേല്‍ വധഭീഷണി അടക്കം നിലനില്‍ക്കുമ്പോള്‍ ഡിവൈഎസ്പി സുരേഷിന് ക്രൈം ബ്രാഞ്ചിലേക്ക് തന്നെ മാറ്റം നല്‍കിയത് കേസ് അട്ടിമറിക്കാനാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.