മുസാഫര്‍പൂര്‍: സീറ്റ് ബെല്‍റ്റിടാത്തതിന് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കി പോലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. മിസഫര്‍പുരിലെ സരൈയയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവറില്‍ നിന്നാണ് പിഴ ഈടാക്കിയത്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിഴയടക്കേണ്ടി വന്നത്.
അതേസമയം, ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ പിഴ ഈടാക്കുന്നത് ഡ്രൈവര്‍മാര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റില്ലാതെ പിഴ ഈടാക്കുന്നതിലെ ന്യായമെന്താണെന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്. ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഓട്ടോ ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് പോലീസുകാരുടെ വാദം. ഡ്രൈവര്‍ ദരിദ്രനായതിനാല്‍ ഇയാളില്‍ നിന്ന് ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഈടാക്കിയതെന്നും സരൈയിലെ പോലീസുകാര്‍ പറയുന്നു.
ഭേദഗതി ചെയ്ത മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ തോതില്‍ വര്‍ധനയുമുണ്ടായിരുന്നു.