തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം. അധിക മഴയും വരാനിരിക്കുന്നത് കൊടുംചൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്. സെപ്തംബറില്‍ മണ്‍സൂണ്‍ വിഹിതമായി 244 മില്ലീമീറ്റര്‍ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതിന്റെ ബഹുഭൂരിപക്ഷവും ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 221 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇതോടെ ഈ മാസവും അധികമഴയ്ക്കുള്ള സാധ്യത തെളിഞ്ഞു.
തിരുവോണദിവസമായ ബുധനാഴ്ച മിതമായ തോതിലുള്ള മഴയേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 1.33 സെന്റിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും മധ്യ-തെക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കപ്പെടുന്നത്. റഡാര്‍ ചിത്രങ്ങളില്‍ മേഘം മാറി മാനം തെളിഞ്ഞു വരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. ഇത് മഴ കുറയുന്നതിന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
climate changecനിലവില്‍ രണ്ടു മുതല്‍ ഏഴു സെക്കന്‍ഡ് നീളുന്ന അതീതീവ്ര മഴയാണ് പെയ്യുന്നത്. അതിനുശേഷം കടുത്ത വെയിലും. 31 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ചൂട് ഉയരുന്നു. മണ്‍സൂണ്‍ രണ്ടാംഘട്ടത്തിലെ രണ്ടാംപാദത്തില്‍ തന്നെ ചൂട് കൂടുന്ന സാഹചര്യം, വരും നാളുകളില്‍ താപനില വീണ്ടും ഉയരുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യന്‍ ദക്ഷിണായനത്തിന്റെ ഭാഗമായ ഭൂമധ്യരേഖയോട് അടുക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തിന് തുല്യമായ ചൂടാണ് അനുഭവപ്പെടുന്നത്. സെപ്തംബര്‍ 23 വരെ ഇതേ നില തുടരാനാണ് സാധ്യത.