ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന കിഴക്കൻ ലഡാക് സെക്ടറിൽ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. ദേശീയ വാർത്താ ഏജൻസി എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വാർത്തകളോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചില്ല. തിങ്കളാഴ്ച പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സാന്നിധ്യത്തിൽ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കുകയും ചെയ്തു.ഇന്ത്യൻ പോസ്റ്റുകളിലേക്ക് ചൈനീസ് സേന വെടിയുതിർത്തതിന് പിന്നാലെ മുന്നറിയിപ്പായാണ് ഇന്ത്യ വെടിയുതിർത്തതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.