തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചയം ഇല്ലാത്തതുകൊണ്ടാവാം ബിജെപി ആരോപണം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പ് തന്റേത് തന്നെയാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണ വിധേയമായ ദിവസം താന്‍ 39 ഫയലുകളിലാണ് ഒപ്പിട്ടത്. ഇ ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും വിദേശത്തായിരിക്കുമ്പോള്‍ തീരുമാനം എടുക്കാറുണ്ടെന്നും ഐ പാഡില്‍ നിന്ന് വിവരങ്ങളെടുത്ത് മുഖ്യമന്ത്രി വിശദീകരിച്ചു.
അമേരിക്ക സന്ദര്‍ശന സമയത്ത് ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന കെ.സി ജോസഫിന്റെ ആരോപണത്തിന് അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്. നേരത്തെ മുതല്‍ സ്വീകരിച്ചുവരുന്ന നടപടി ക്രമം മാത്രമാണിത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റേയും രേഖകള്‍ തന്റെ പക്കലുണ്ട്. ഒപ്പില്‍ ഒരു തരത്തിലുമുള്ള വ്യാജവുമില്ല.
ഒക്കച്ചങ്ങാതി മാര്‍ പറയുമ്പോള്‍ എങ്ങനെയാണ് ലീഗ് ഏറ്റെടുക്കാതിരിക്കുകയെന്നും പിണറായി ചോദിച്ചു. കുഞ്ഞാലിക്കുട്ടി കാര്യം അറിയാതെ പറഞ്ഞതായിരിക്കില്ല. അദ്ദേഹം സാങ്കേതികത്വം അറിയാത്ത ആളല്ല. എന്നാല്‍ ഇപ്പോള്‍ ബിജെപി ആദ്യം പറയുകയും പിന്നീട് യുഡിഎഫ് ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനേക്കാള്‍ വാശിയിലാണ് ബിജെപി ആരോപണം ലീഗ് ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.