കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സെപ്റ്റംബര്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് നാലില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതോടെയാണ് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്.
രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സെപ്റ്റംബര്‍ ഇരുപത്തിമൂന്നിനാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രാജ്യത്ത് മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സെപ്റ്റംബര്‍ ഏഴിന് തന്നെ കൊച്ചി മെട്രോയും സര്‍വീസുകള്‍ പുനരാരംഭിക്കും. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇരുപത് മിനിറ്റിന്റെ ഇടവേളകളിലായിരിക്കും ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തുക. രാവിലെ ഏഴ് മുതല്‍ എട്ട് വരെയായിരിക്കും സര്‍വീസ്.
നേരത്തെ രാവിലെ ആറിനാണ് സര്‍വീസ് തുടങ്ങിയിരുന്നത്. എന്നാല്‍ ഓരോ സ്റ്റേഷനിലും ട്രെയിനുകള്‍ നിര്‍ത്തിയിടുന്ന സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുപത് സെക്കന്‍ഡ് ആണ് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിരത്തിയിടുക. സര്‍വീസ് തുടങ്ങുന്ന ആലുവയിലും അവസാനിക്കുന്ന തൈക്കുടത്തും അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ പാലിച്ചായിരിക്കും സര്‍വീസ് തുടങ്ങുന്നതെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സമയങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.