തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കത്തിനശിച്ച പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. സ്വപ്നയും സരിത്തും ഇവിടുത്തെ ഉദ്യോഗസ്ഥരുമായി നില്‍ക്കുന്ന ചിത്രം ഒരാഴ്ചയായി സെക്രട്ടറിയേറ്റ് വാട്സ്ആപ്പ് കൂട്ടായ്മകളില്‍ പ്രചരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ ആവശ്യപ്പെട്ടത് അനുസരിച്ച് ഇവിടെ നിന്നും ഫയലുകള്‍ കൈമാറിയതിന് പിന്നാലെ ആയിരുന്നു തീപിടുത്തം നടന്നത്.
മറ്റ് വകുപ്പുകളിലേക്കാള്‍ മുന്നിലാണ് ഇപ്പോള്‍ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിന്റെ പ്രധാന്യം. ചീഫ് സെക്രട്ടറി നേരിട്ടാണ് ഈ സെക്ഷന്‍ കെകാര്യം ചെയ്യുന്നത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കല്‍ 1 (ഇന്‍കമിങ് വിസിറ്റ്) വിഭാഗമാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം.
ഓഫീസ് ജീവനക്കാരും സ്വര്‍ണ്ണക്കടത് കേസ് പ്രതികളും തമ്മിലുള്ള അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് വിവരം. ഇവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വപ്നാ സുരേഷ് കോണ്‍സുലേറ്റിന്റെ വിവിധ പരിപാടികളില്‍ ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും മറ്റും ചെയ്തിരുന്നു. അതുപോലെ വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ഇടയ്ക്കിടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും വിവരമുണ്ട്. ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ ഈ ഓഫീസും ഇതേഹാളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന്റെ രണ്ട് സെക്ഷനുകളും അടച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു ഈ ഓഫീസില്‍ നിന്നും രേഖകളുമായി രണ്ടു പേര്‍ കൊച്ചിയിലെത്തി എന്‍ഐഎയ്ക്ക് ഫയലുകള്‍ കൈമാറിയത്.
യുഎഇ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന വിഭാഗമാണ് ഇത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി മൂന്നുതവണ വിദേശയാത്ര നടത്തിയ ഫയല്‍ തയാറാക്കിയതും ഈ സെക്ഷനില്‍നിന്നാണ്. മന്ത്രിമാരുടെയും വി.ഐ.പികളുടെയും വിദേശയാത്രകളും ഗസ്റ്റ് ഹൗസ് റൂം ബുക്കിങ്ങുമടക്കം അതീവരഹസ്യസ്വഭാവമടങ്ങുന്ന ഫയലുകള്‍ െകെകാര്യം ചെയ്യുന്ന വിഭാഗമാണ് പ്രൊട്ടോക്കോള്‍ ഓഫീസ്.
സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയല്‍ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേര്‍ന്ന റെക്കോര്‍ഡ് റൂമിലാണെങ്കില്‍ പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ പ്രൊട്ടോക്കോള്‍ വിഭാഗത്തില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങള്‍ മുതലുള്ള ഫയലുകള്‍ ഈ വിഭാഗത്തിലുണ്ട്. യു.എ.ഇ കോണ്‍സുലേറ്റടക്കം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം എന്നാണ് ചട്ടം.