കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് മറ്റു കൊവിഡ് മരണങ്ങളുണ്ടായത്.
ഇന്ന് ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു.ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്.
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ കുളത്തൂര്‍ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് ഇന്നാണ്. വൃക്ക സംബന്ധമായ അസുഖ ബാധിതന്‍ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.