കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കാസര്‍ഗോഡ് സ്വദേശിയുടെ കൈയ്യില്‍ നിന്നാണ് സുരക്ഷാ വിഭാഗം വിദേശ കറന്‍സി പിടികൂടിയത്. ഡോളര്‍, സൗദി റിയാല്‍, യുഎഇ ദിര്‍ഹം എന്നീ കറന്‍സികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കൈവശം ഉണ്ടായിരുന്ന ട്രോളിബാഗിന്റെ ഹാന്റിലിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സി.
വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്‌പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്ന് സംശയം തോന്നിയതിനാലാണ് വിശദമായ പരിശോധന നടത്തിയത്. അറസ്റ്റിലായയാള്‍ മുന്‍പ് ദുബായിയില്‍ ഹോട്ടല്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിന് ശേഷം ഇവിടെ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങി ഗള്‍ഫിലേക്ക് കൊണ്ടുപോകുകയും തിരികെ വരുമ്പോള്‍ പെര്‍ഫ്യൂമുകള്‍ കൊണ്ടുവന്ന് ഇവിടെ കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
നിലിവില്‍ സ്വര്‍ണത്തിന് വന്‍ വില വര്‍ധനയുണ്ടായ സാഹചര്യത്തില്‍ വിദേശത്തു നിന്നു വാങ്ങി കേരളത്തിലേക്ക് കടത്താമെന്ന ഉദ്ദേശത്തിലാണ് വിദേശ കറന്‍സി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് വിഭാഗം സംശയിക്കുന്നത്.