തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു. രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പോലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. കണ്ടെയിന്‍മെന്റ് സോണ്‍ സ്വയം നിശ്ചയിച്ച് ജനം നിയന്ത്രണമേര്‍പ്പെടുത്തിയ മാതൃക ജനമൈത്രി പോലീസ് ഏറ്റെടുക്കും. ഇതില്‍ നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശ്ശൂര്‍ സിറ്റി മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകളില്‍ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെ സുരക്ഷിതമായി താമസിപ്പിക്കും.