തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഓഗസ്റ്റ് 17 മുതല്‍ പ്രവേശനം അനുവദിക്കും. ഒരു സമയം അഞ്ച് പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. എന്നാല്‍ ശബരിമലയില്‍ ചിങ്ങമാസ പൂജകൃക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.
അതേസമയം, ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്നലെ അറിയിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ നവംബറില്‍ തുടങ്ങുന്ന തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് പ്രവേശനം നല്‍കാമെന്നാണ് തീരുമാനം.