കരൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. രണ്ടു കുട്ടികളും അമ്മയുമാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ റായനൂരിലാണു സംഭവം. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ റായന്നൂരിലെ മുത്തുലക്ഷ്മി (29), രക്ഷിത് (നാല്), ദീക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്.
ഞായറാഴ്ച രാത്രി ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടര്‍ന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കതക് തകര്‍ത്ത് വീടിനുള്ളില്‍ കടന്നെങ്കിലും മുത്തുലക്ഷ്മി മരിച്ചിരുന്നു. കുട്ടികള്‍ കരൂര്‍ ജില്ലാ ആശുപത്രിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
മൊബൈല്‍ ഫോണില്‍ പൂര്‍ണമായി ചാര്‍ജ് കയറിയതിനുശേഷവും സ്വിച്ച് ഓണായിത്തന്നെ കിടന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. മുത്തുലക്ഷ്മിയുടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ മാസങ്ങളോളമായി ഇവരോടൊപ്പമില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മുത്തുലക്ഷ്മിയുടെ അമ്മയും അച്ഛനും ഇവരോടൊപ്പം താമസിച്ചിരുന്നു.
എന്നാല്‍, ലോക്ഡൗണിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അവരുടെ സ്വന്തം വീട്ടിലേക്ക് പോയി. എതാനും ആഴ്ചകളായി മുത്തുലക്ഷ്മിയും കുട്ടികളും മാത്രമാണിവിടെ താമസിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.