FeaturedHealthKeralaNews

പെട്ടിമുടിയില്‍ കൊവിഡ് ഭീതിയും; മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 60ഓളം മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ഇവിടെ കൊവിഡ് ഭീതിയും ഉടലെടുത്തതോടെ ആശങ്ക ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പെട്ടിമുടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രമുഖ മാധ്യമസ്ഥാപനത്തിലെ ഡ്രൈവര്‍ക്കും ഒരു ഫോട്ടോഗ്രാഫര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ അറുപതോളം വരുന്ന മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മൂന്നാറിലെ ഒരു ഹോട്ടലിലാണ് മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. യാതൊരു കാരണവശാലും പുറത്ത് പോകരുതെന്നാണ് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ്. കൂടാതെ സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ കെ രാജു, എ.കെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

കഴിഞ്ഞ ദിവസം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെ ആലപ്പുഴ സ്വദേശിയായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പെട്ടിമുടിയില്‍ തിരച്ചിലിനായി എത്തിയിട്ടുള്ളത്. ഇത് കൂടാതെ മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തര്‍ എന്നിങ്ങനെ നീളുന്ന ഈ നിര. പെട്ടിമുടിയില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അതേസമയം തോട്ടം തൊഴിലാളികളിലേറെ പേര്‍ക്കും തമിഴ്നാടുമായി അടുത്തബന്ധമുള്ളവരാണ്. പലരുടെയും ബന്ധുവീടുകളും മറ്റും തമിഴ്നാട്ടിലുണ്ട്. പെട്ടിമുടിയില്‍ മരണപ്പെട്ടവരിലേറെപേരും ഒരുമിച്ച് ജീവിച്ചവരും ഒരുമിച്ച് മരണപ്പെട്ടവരുമാണ്. ആരും അന്വേഷിച്ച് തിരികെ വരാനില്ലാത്ത ജീവിതങ്ങളും അത്തരത്തിലുള്ള കുടുംബങ്ങളും പെട്ടിമുടിയിലുണ്ടായിരുന്നു.

എന്നാല്‍ ഈ ദുരിതവാര്‍ത്തയറിഞ്ഞ് ചിലരെങ്കിലും പെട്ടിമുടിയിലെ പ്രിയപ്പെട്ടവരേത്തേടി ഈ ദുരന്തഭൂമിയിലെത്തുന്നുണ്ട്. അത്തരത്തില്‍ കടന്നു വരുന്നവരെ ഒരിക്കലും തടയാന്‍ സാധിക്കുകയില്ല. ബന്ധുക്കളെ തേടിയുള്ള ആ യാത്രകള്‍ പലപ്പോഴും തോരാത്ത കണ്ണീര്‍തന്നെയാണ് ഇവര്‍ക്ക് നല്‍കുന്നത്. കൊവിഡ് കാലത്ത് പല സ്ഥലങ്ങളില്‍ നിന്നായി പെട്ടിമുടിയിലേക്ക് എത്തുന്നവര്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker