തിരുവനന്തപുരം: ഇനിയുള്ള നാല് നാള്‍ സംസ്ഥാനത്ത് വെള്ളപൊക്ക സാധ്യതയുള്ള ദിനങ്ങളാണെന്ന മുന്നറിയിപ്പുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രകൃതിയുടെ മാറ്റം നേരത്തെയറിയുന്നവരാണ്. അതിലും ഇവര്‍ക്ക് കടലിന്റെ മാറ്റം മനഃപാഠമാണ്. സപ്തമി ദിനമായ നാളെ മുതല്‍ ദശമി വരെയുള്ള നാല് നാള്‍ കടല്‍ കായലില്‍ നിന്നുള്ള വെള്ളം സ്വീകരിക്കില്ലെന്നും പെരുമഴ പെയ്താല്‍ ഇത് വെള്ളപൊക്കത്തിന് കാരണമാകുമെന്നുമാണ് മത്സ്യ തൊഴിലാളികളുടെ കണക്ക് കൂട്ടല്‍.
14ാം തീയതി വരെ ദിവസവും രണ്ട് വേലിയേറ്റവും രണ്ട് വേലിയിറക്കവും ഉണ്ടാകുമെന്നും പെരുമഴ പെയ്താല്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ശാസ്ത്രലോകവും ഭാഗികമായി സമ്മതിക്കുന്നു. നാളെ സപ്തമിയാണ്. കുറച്ച് വെള്ളം മാത്രമേ കടല്‍ പുറത്ത് നിന്ന് സ്വീകരിക്കൂവെന്നും അഷ്ടമി, നവമി, ദശമി ദിനങ്ങളില്‍ തീരെ വെള്ളം സ്വീകരിക്കില്ലെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം.
കൊച്ചി സര്‍വകലാശാലയിലെ റഡാര്‍ ഗവേഷക കേന്ദ്രം ശാസ്ത്രജ്ഞന്‍ എംജി മനോജ് പറയുന്നത് അനുസരിച്ച് ഏഴ് മുതല്‍ 14ാം തിയതിയുള്ള സമയത്ത് കടലില്‍ രണ്ട് വേലിയേറ്റവും രണ്ട് വേലിയിറക്കവുമുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കാം.