കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനായ അയൽവാസിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മലയാള മനോരമ ജീവനക്കാരായ ബന്ധുക്കൾ ഒളിവിൽ. മൂലവട്ടം റെയിൽവേ ക്രോസിന് സമീപം സരളം വീട്ടിൽ ഷാജി (67)യാണ് അയൽവാസികളുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് കോട്ടയം ഭാരത് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ഷാജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അയൽവാസിയും മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള എം.എം പബ്ലിക്കേഷൻസിലെ ജീവനക്കാരനായ മൂലവട്ടം നന്ദനം വീട്ടിൽ അനിൽകുമാർ, മലയാള മനോരമ തൃശൂർ യൂണിറ്റിലെ സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മൂലവട്ടം കുറ്റിവേലിൽ വീട്ടിൽ അനുരാജ് കെ.പി എന്നിവർ ചേർന്നാണ് ഷാജിയുടെ തലയ്ക്ക് മാരകമായി അടിച്ച് പരിക്കേൽപ്പിച്ചതെന്നു പൊലീസ് പറയുന്നു. ഷാജി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവിൽ കഴിയുകയാണ്.
ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ മരണവീട്ടിൽ പോയ ശേഷം ഷാജിയും മകനും സുഹൃത്തുക്കളും അടക്കമുള്ളവർ വീട്ടിൽ തിരികെ എത്തിയതായിരുന്നു. ഈ സമയത്താണ് അനിൽകുമാർ വീട്ടിൽ എത്തിയത്. ഷാജിയുടെ വീടിനു മുന്നിലൂടെ നടന്നു പോകുന്നതിനിടെ അസഭ്യം പറഞ്ഞതായി ആരോപിച്ച് അനിൽ ഇവരെ അസഭ്യം വിളിക്കുകയും തട്ടിക്കയറുകയുമായിരുന്നു. ഈ സമയം ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ അനിൽ തന്നെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇവിടെ നിന്നും പൊലീസ് സംഘം എത്തി. തുടർന്ന് ര്ണ്ടു കൂട്ടരും പ്രശ്‌നമുണ്ടാക്കരുതെന്നും അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തണമെന്നും അറിയിച്ചു.
പൊലീസ് പോയതിന് പിന്നാലെ അൽപസമയത്തിന് ശേഷം വീണ്ടും വീട്ടിലെത്തിയ അനിൽ ഷാജിയെയും വീട്ടുകാരെയും അസഭ്യം പറഞ്ഞു. ഈ സമയം അനിലിനൊപ്പം അളിയൻ അനുരാജും, ഭാര്യാ മാതാവും മകളുമുണ്ടായിരുന്നു. ഇവർ വീടിന്റെ ഗേറ്റിനുള്ളിൽ നിന്നും അസഭ്യം വിളിക്കുന്നത് കേട്ട് ഷാജി വീട്ടിൽ നിന്നും ഇറങ്ങിയെത്തി. ഈ സമയം പ്രകോപനം ഒന്നുമില്ലാതെ അനൂരാജ് ഷാജിയെ ആടിച്ചു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് അനിൽ ഷാജിയുടെ തലയ്ക്കടിച്ചു. ഷാജി അടിയേറ്റ് വീഴുന്നത് കണ്ട് ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച മകൻ ജിതിൻ ഷാജിയെയും അനിൽ അടിച്ചു വീഴ്ത്തി. തലയ്ക്കും, മുതുകിനും മാരകമായി അടിയേറ്റതായി ജിതിൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
അനിലിന്റെ രണ്ടു സഹോദരന്മാർ പൊലീസിലാണ്. ഇവരുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ആദ്യം മുതൽ അനിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ, ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവും, ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറും, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ രതീഷ്‌കുമാറും നടത്തിയ കൃത്യമായ ഇടപെടലിനെ തുടർന്ന് വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാജിയുടെയും മകന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ രണ്ടു പ്രതികളും ഒളിവിൽ പോയിരിക്കുകയാണ്.
ഇതിനിടെ സ്ഥിരം പ്രശ്‌നക്കാരനായ അനിൽകുമാറിനെതിരെ റസിഡൻസ് അസോസിയന്റെ നേതൃത്വത്തിൽ നാട്ടുകാർ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതിയും നൽകിയിട്ടുണ്ട്. അനിൽകുമാറിനായി ചിങ്ങവനം പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.