ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൂടുതല്‍ വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ ശ്രമിച്ചപ്പോള്‍, ആത്മീയശക്തി തങ്ങളില്‍ പ്രയോഗിക്കുകയാണോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹര്‍ജി തള്ളിയതോടെ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണയ്ക്ക് കളമൊരുങ്ങി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ലെന്നും, കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയും, ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.