ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 52,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 857 പേരാണ് ഈ സമയത്ത് വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 19 ലക്ഷം കടന്നു. 39,795 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതകരുടെ എണ്ണം പതിനെട്ടു ലക്ഷം കടന്നത്. ഇന്ന് അത് 19,08,254 ആയി. നിലവില്‍ 5,86,244 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 12,82,215 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് കൊവിഡ് മൂലം ജീവന് നഷ്ടമാവുന്നവരുടെ എണ്ണം മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 2.08 ശതമാനമാണ് ഇന്ത്യയിലെ മരണ നിരക്ക്. രോഗമുക്തി നിരക്ക് 67.19 ശതമാനം. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 6,19,652 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.
മഹരാഷ്ട്രാ തന്നെയാണ് രോഗവ്യാപനത്തില്‍ മുന്നില്‍. 4,50,196 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 2,63,222 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സമീപ ദിവസങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ട്.