പത്തനംതിട്ട: ഇന്‍സ്പെക്ടര്‍ അടക്കം നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ എക്സൈസ് ഓഫീസ് താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിനൊപ്പം ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണവും ഉയരുന്നുണ്ട്. അടൂര്‍ ടൗണിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അടക്കം നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഓഫീസ് അടച്ചു. രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ ഉറവിടം അവ്യക്തമാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇവരുടെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഓണക്കാലമായത് കൊണ്ട് വ്യാജ മദ്യത്തിനെതിരായ റെയ്ഡ് വ്യാപകമാക്കിയിരുന്നു. ഇത് കൂടാതെ റെയ്ഡുകളില്‍ നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക വിപുലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. സമ്പര്‍ക്ക രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.