കൊച്ചി: ചികിത്സാ സഹായത്തിനായി ലഭിച്ച പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഫിറോസ് കുന്നുംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം. മാതാവിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഫിറോസിനെതിരായ പരാതി.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
അന്വേഷണത്തിന്റെ ഭാഗമായി ഫിറോസിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഹര്‍ജി അടുത്ത തിങ്കളാഴ്‌ച കോടതി പരിഗണിക്കും. ജൂണ്‍ 24-നാണ് അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ സാമ്ബത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേര്‍ വര്‍ഷയെ സഹായിക്കാന്‍ രംഗത്തെത്തി.
ശസ്‌ത്രക്രിയയ്‌ക്കു ആവശ്യമായതിനേക്കാള്‍ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിര്‍ത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നിരുന്നു. ഇതോടെയാണ് പണം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയത്.