ഈ അടുത്ത കാലത്ത് ഒരുപാട് വിവാദങ്ങളില്‍ അകപ്പെട്ട മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയാണ് എഎംഎംഎ (അമ്മ). കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് മുതലാണ് സംഘടനയുടെ പേര് വിവാദത്തില്‍ പെട്ടത്. സംഘടനയില്‍ നടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്നായിരിന്നു മുഖ്യവാദം. എന്നാല്‍ താരസംഘടനയായ എഎംഎംഎയില്‍ എന്ത് ന്യൂനതയാണ് ഉള്ളതെന്ന് നടന്‍ വിജയരാഘവന്‍ ചോദിക്കുന്നു. പ്രശ്നങ്ങള്‍ ഇല്ലാത്ത ഏതെങ്കിലും ഒരു കുടുംബമെങ്കിലും ഉണ്ടോയെന്നും താരം ചോദിച്ചു. കേരളകൗമുദിയുമായുള്ള അഭിമുഖത്തിലാണ് വിജയരാഘവന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
എഎംഎംഎ എന്ന സംഘടന ചുമ്മാ ഒരുദിവസം പൊട്ടിമുളച്ച് എല്ലാവരും കൂടി തട്ടികൂട്ടി ഉണ്ടാക്കിയ സംഘടനയല്ല എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. പ്രളയം വന്നപ്പോള്‍ അഞ്ചരക്കോടി രൂപയാണ് സര്‍ക്കാറിന് സംഘടന നല്‍കിയതെന്നും പത്തുനൂറ്റമ്പതോളം പേര്‍ക്ക് മാസം അയ്യായിരം രൂപ കൈ നീട്ടം കൊടുക്കാന്‍ സംഘടനയ്ക്ക് കഴിയുന്നുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇതിനു പുറമെ സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെന്നും എത്ര പേര്‍ക്കാണ് സംഘടന വീടുവെച്ചു കൊടുത്തിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.